പുലർച്ചെ ഒരുമണിയോടെ ആണ് കോന്നിയിൽ ആദ്യ അപകടം ഉണ്ടാകുന്നത്. പെരുമ്പാവൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാർ കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷന് സമീപം പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ കൈവരിയിൽ ഇടിച്ചുകയറുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന പെരുമ്പാവൂർ സ്വദേശി വർഗീസി (35)നും ഭാര്യക്കുമാണ് പരിക്കേറ്റത്. മൂന്ന് വയസുള്ള കുട്ടിയും കാറിൽ ഉണ്ടായിരുന്നു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകട കാരണം എന്ന് പറയുന്നു. തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കോന്നി വകയാറിൽ പച്ചക്കറി കയറ്റിവന്ന വാൻ താഴ്ചയിലേക്ക് മറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി വന്ന വാൻ നിയന്ത്രണം വിട്ട് സംസ്ഥാന പാതയുടെ വശത്തെ ക്രാഷ് ബാരിയറിൽ ഇടിക്കുകയും ക്രാഷ് ബാരിയർ ഇടിച്ച് ഇളക്കി നിയന്ത്രണം വിട്ട വാൻ താഴ്‌ചയിലേക്ക് മറിയുകയും ചെയ്തു. ആർക്കും പരിക്കില്ല. കോന്നി മുറിഞ്ഞകല്ലിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു. കൂടൽ ഇഞ്ചപ്പാറയിലും കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തണ്ണിത്തോട് ഞള്ളൂർ ഭാഗത്ത് പിക് അപ് വാൻ ഇടിക്കുകയും ചെയ്തു. ഈ അപകടങ്ങളിൽ ആർക്കും പരിക്കില്ല. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് റോഡിൽ ടയറുകൾ ഘർഷണം കുറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
A couple were injured in separate road accidents on the same day in Konni.